Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈക്രോസോഫ്റ്റും യാഹുവും ഒന്നിക്കുന്നു

മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക് , വെള്ളി, 19 ഫെബ്രുവരി 2010 (16:52 IST)
PRO
PRO
വിവരസാങ്കേതിക ലോകത്തെ മത്സരങ്ങളെ അതിജീവിക്കാന്‍ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹുവും ഒന്നിക്കുന്നു. ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷണും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ലോകത്തെ വന്‍‌കിട ശക്തികളെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ്‌ മൈക്രോസോഫ്ടും യാഹുവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഹുവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതിക മേഖലയില്‍ മാന്ദ്യം നേരിടേണ്ടി വന്ന യാഹുവിനെ വാങ്ങാന്‍ 2008ല്‍ മൈക്രോസോഫ്റ്റ് വീണ്ടും രംഗത്തെത്തി. ഇരുകമ്പനികളും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താത്തതിനാല്‍ ആ നീക്കവും പരാജയപ്പെടുകയായിരുന്നു.

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്നേറ്റം ലക്‍ഷ്യമിട്ടാണ് യാഹുവും മൈക്രോസോഫ്റ്റും ഒന്നിക്കുന്നത്. ഇരുകമ്പനികളുടെയും സാങ്കേതികതകള്‍ ഒന്നിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ വിപണി പിടിച്ചെടുക്കാനാണ് യാഹു മൈക്രോസോഫ്റ്റ് ഒന്നിക്കുന്നതിലൂടെ ലക്‍ഷ്യമിടുന്നത്. യാഹു സെര്‍ച്ച് എഞ്ചിനും മൈക്രോസോഫ്റ്റിന്റെ ബിങും മികച്ച മുന്നേറ്റത്തിലാണെങ്കിലും വിപണിയില്‍ മുന്നിലല്ല. സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് നിയന്ത്രിക്കുന്നത്.

അതേസമയം, ഇരുകമ്പനികളും ഒന്നിച്ചാലും ബിങ്ങും യാഹുവും രണ്ട് സെര്‍ച്ച് എഞ്ചിനുകളായി തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. യാഹു-മൈക്രോസോഫ്റ്റ് കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തേക്ക് പരസ്യവരുമാനത്തിന്റെ 88 ശതമാനവും യാഹുവിന് ലഭിക്കും. ഗൂഗിള്‍ പുറത്തിറക്കുന്നത് പോലുള്ള ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സഹായങ്ങളും യാഹുവിന് മൈക്രോസോഫ്റ്റ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam