കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്ന് യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ആക്സസ് നൗ റിപ്പോർട്ട്. 2020ൽ 29 രാജ്യങ്ങളിൽ 155 തവണ ഇന്റർനെറ്റ് വിഛേദനമുണ്ടായതിൽ 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കശ്‌മീരിൽ 2019 ഓഗസ്റ്റിലാരംഭിച്ച ഇന്റർനെറ്റ് വിഛേദനം അവസാനിച്ചത് കഴിഞ്ഞ മാസമായിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള യെമനിൽ 6 തവണയും മൂന്നാം സ്ഥാനത്തുള്ള ഇത്യോപ്യയിൽ 4 തവണയും ഇന്റർനെറ്റ് വിഛേദിച്ചു. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് 19 മാസം ഇന്റർനെറ്റ് വിഛേദിച്ചു. 2021ന്റെ തുടക്കത്തിൽ കർഷകസമരത്തെ തുടർന്ന് ഇന്ത്യ ഹരിയാനയിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു.