മൈക്രോസോഫ്റ്റിന്റെ വിൻഡോസ് വിസ്റ്റ യുഗത്തിന് പരിസമാപ്തി; ഇനി വിൻഡോസ് 10 !
ബൈ ബൈ വിസ്റ്റ, ഇനി വിൻഡോസ് 10
അവസാനം മൈക്രോസോഫ്റ്റ് വിസ്റ്റയോട് വിടപറഞ്ഞു. ഇനി വിൻഡോസ് വിസ്റ്റ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അപ്ഡേറ്റുകളോ സുരക്ഷാ മെച്ചപ്പെടുത്തലുകളോ ഉണ്ടാകില്ല. 2012-ൽ വിസ്റ്റായ്‌ക്കുള്ള മെയിൻ സ്‌ട്രീം സപ്പോർട്ട് മൈക്രോസോഫ്‌റ്റ് അവസാനിപ്പിച്ചിരുന്നുവെങ്കിലും എക്‌റ്റൻഡൻഡ് സപ്പോർട്ട് 2017 ഏപ്രിൽ 11 വരെ നൽകിയിരുന്നു. ഇപ്പോൾ അതിനും പരിസമാപ്തിയായി.
നിലവില്‍ വിസ്റ്റയിൽ പ്രവർത്തിക്കുന്ന സിസ്റ്റമാണ് നിങ്ങൾക്കുള്ളതെങ്കില്‍ എത്രയും വേഗം അത് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് മൈക്രോസോഫ്‌റ്റ് പറയുന്നത്. ലോകത്തിലെ പല കോണുകളിലായി ഏകദേശം 0.78 ശതമാനം കമ്പ്യൂട്ടർ ഉപയോക്താക്കൾ ഇപ്പോഴും വിസ്റ്റയെ കൈവിട്ടിട്ടില്ല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൈക്രോസോഫ്‌റ്റ് ഈ മുന്നറിയിപ്പ് നല്‍കിയത്.
2001-ൽ പുറത്തിറങ്ങിയ എക്സ്‌പിയുടെ ജനസ്വീകാര്യതയും വിജയവും കണ്ടായിരുന്നു പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തക്കുറിച്ച് മൈക്രോസോഫ്‌റ്റ് ചിന്തിച്ചത്. ആറുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ജനപ്രിയമായ എക്സ്‌പിയ്‌ക്ക് പകരക്കാരനായി വിസ്റ്റ എത്തിയത്. എന്നാല്‍ പല ഉപഭോക്താക്കൾക്കും വിസ്റ്റയെ പിടിച്ചില്ല. സുരക്ഷ വര്‍ധിപ്പിക്കാനായി ഉൾപ്പെടുത്തിയ പല സംവിധാനങ്ങളും പലർക്കും തലവേദനയായി.
എക്സ്‌പിയെ അപേക്ഷിച്ച് വേഗതയുടെ കാര്യത്തിലും വിസ്‌റ്റ ഒരൽപ്പം പുറകോട്ട് പോകുന്ന സ്ഥിതിയാണുണ്ടായത്. എന്തുതന്നെയായലും വിസ്റ്റയെ അവസാനം മൈക്രോസോഫ്‌റ്റ് പെട്ടിയിലാക്കിയിരിക്കുകയാണ്. ഇനിയും വിസ്റ്റ എവിടെയെങ്കിലും ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്നുതന്നെ വിൻഡോസ് 10 ലേക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും എന്തുകൊണ്ടും ഉത്തമം.