ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളും ചാർജ് ചെയ്യാൻ കരുത്തുള്ള പുത്തൻ പവർബാങ്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് നിർമ്മാതാക്കളായ ഷവോമി. പവർബാങ്ക് 3 പ്രോയെയാണ് ഷവോമി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ചൈനീസ് വിപണിയിലാണ് ആദ്യം ഘട്ടത്തിൽ പവർബാങ്ക് 3 പ്രോയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏകദേസം 2000 രൂപയാണ് പവർബാങ്കിന്റെ ചൈനയിലെ വിപണി വില. അടുത്ത ആഴ്ചമുതൽ ചൈനയിൽ പവർബാങ്ക് 3 പ്രോയുടെ വിൽപ്പന ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ പവർ ബാങ്കിനെ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല.
20,000 എം എ എച്ചാണ് പവർബാങ്ക് 3 പ്രോയുടെ ബാറ്ററി ബാക്കപ്പ്. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന രീതിയിലാണ് പവർബാങ്ക് 3 പ്രോയെ ഷവോമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാർജിംഗിനായി യു എസ് ബി ടൈപ് സി പൊർട്ടും, സാധാരണ ടൈപ്പ് എ പോർട്ടും പവർബാങ്കിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 45W മോഡിൽ നാലര മണിക്കൂറുകൾകൊണ്ട് പവർബാങ്ക് ചാർജ് ചെയ്യാനാകും എന്നാണ് ഷവോമി അവകാശപ്പെടുന്നത്.