പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയി തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെയെത്തിക്കുമെന്ന് റിപ്പോർട്ട്. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള റിമോർട്ട് വർക്കിംഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്യാമ്പസുകൾ സജീവമാക്കാനാണ് ടിസിഎസ് ആലോചിക്കുന്നത്. മൂന്നാം തരംഗത്തിന്റെ കൂടി ആഘാതം വിലയിരുത്തിയ ശേഷമായിരിക്കും അന്തിമതീരുമാനം.
കമ്പനിയുടെ ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിനേഷൻ പൂർത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ.മൂന്നാം തരംഗത്തിന്റെ സാധ്യതകൾ കൂടി കണക്കിലെടുത്തുകൊണ്ടാകും ജീവനക്കാരെ തിരികെയെത്തിക്കാനുള്ള തീരുമാനമുണ്ടാവുക. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 4.6 ദശലക്ഷം വരുന്ന ഐടി പ്രഫഷണൽസിലെ 15 ശതമാനത്തോളം പേർ ജോലി ചെയ്യുന്നത് ടിസിഎസിലാണ്.