പ്രതിവർഷം 6.5 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് ഐടി കമ്പനിയായ വിപ്രോ ചോദിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ്സിൽ റിപ്പോർട്ട്. വെലോസിറ്റി ഗ്രാജ്വേറ്റ് വിഭാഗത്തിന് കീഴിലുള്ള ഉദ്യോഗാർഥികളോടാണ് കമ്പനി ചോദ്യം ചോദിച്ചത്. ഈ വ്യവസ്ഥ അംഗീകരിക്കുന്നവർ ഫെബ്രുവരിയിൽ കമ്പനിയെ വിവരം അറിയിക്കണം.
വ്യവസ്ഥ അംഗീകരിക്കാത്തെ ഉദ്യോഗാർഥികൾക്ക് അവരുടെ യഥാർഥ ശമ്പളത്തിൽ തുടരാം. അതേസമയം പരിശീലന കാലയളവിന് ശേഷം മൂല്യനിർണ്ണയത്തിൽ മോശം പ്രകടനം നടത്തിയ 425 ഫ്രഷർമാരെ കമ്പനി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. അതിനാൽ തന്നെ പല ഉദ്യോഗാർഥികളും പുതിയ വ്യവസ്ഥ അംഗീകരിച്ചേക്കാം.
എന്നാൽ മുൻകൂർ കൂടിയാലോചനയും ചർച്ചയും കൂടാതെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അന്യായമാണെന്ന് നാസൻ്റ് ഇൻഫർമേഷൻ ടെക്നോളജി എമ്പ്ലോയീസ് സെനറ്റ് പ്രസിഡൻ്റ് ഹർപ്രീത് സിംഗ് സലൂജ അഭിപ്രായപ്പെട്ടു. തീരുമാനത്തിൽ നിന്നും കമ്പനി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.