Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസഫ് - കേരളകോണ്‍ഗ്രസിലെ ഇടതുപക്ഷം

ജോസഫ് - കേരളകോണ്‍ഗ്രസിലെ ഇടതുപക്ഷം
കേരള കോണ്‍ഗ്രസിന്‍റെ ജനനം മുതല്‍ സംഘടനയിലൂടെ ജന്മസിദ്ധമായ വലതുപക്ഷ അനുഭാവത്തില്‍ നിന്നും വേറിട്ട് അതിനെ ഇടതുപക്ഷത്തേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിച്ച നേതാവാണ് 65കാരനായ പി.ജെ. ജോസഫ്. പള്ളിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടയിലുള്ള പാലമെന്ന് വിമര്‍ശകര്‍ മുദ്രകുത്തുന്പോഴും ജോസഫിന്‍റെ ഇടതുപക്ഷ ഭ്രമം അവസാനിച്ചില്ല. പുറപ്പുഴ പാലത്തിനാല്‍ പരേതനായ ജോസഫിന്‍റെയും അന്നമ്മയുടെയും മകനായി 1941 ജൂണ്‍ 28ന് ജനിച്ച ജോസഫ് ഏഴാം തവണയാണ് തൊടുപുഴയില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്.

60 കളുടെ അവസാനം പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ജോസഫ് 1970ല്‍ തൊടുപുഴയില്‍ നിന്നും കന്നി മത്സരത്തില്‍ നിയമസഭ കണ്ടു. 1978ല്‍ ഹൈക്കോടതി വിധിയില്‍ കെ.എം. മാണിക്ക് നിയമസഭാംഗത്വം നഷ്ടമായപ്പോള്‍ അന്നത്തെ ആന്‍റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. എട്ട് മാസം മാത്രം നീണ്ട കന്നി മന്ത്രിസ്ഥാന ലワിക്ക് പിന്നാലെ സുപ്രീം കോടതിവിധി മാണിക്ക് അനുകൂലമായപ്പോള്‍ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞു.

80ല്‍ യു.ഡി.എഫ് കണ്‍വീനറായി. 81ലെ കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യൂ, വിദ്യാഭ്യാസ മന്ത്രി. 82ല്‍ വീണ്ടും റവന്യൂ മന്ത്രി. ഇടതുമുന്നണിയിലെത്തിയ ശേഷം 1996ല്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായ ജോസഫ് 2001ല്‍ നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി.

2001ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ടി. തോമസിനോട് സ്വന്തം തട്ടകമായ തൊടുപുഴയില്‍ പരാജയപ്പെട്ട ജോസഫ് ഇത്തവണ പി.ടിയെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തുന്നത്. 1979ലാണ് ജോസഫിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നിലവില്‍ വന്നത്. 84ല്‍ എല്ലാ കേരളാ കോണ്‍ഗ്രസുകളും ഒരു കുടക്കീഴില്‍ അണിനിരന്നെങ്കിലും ജോസഫും മാണിയും വീണ്ടും പിളര്‍ന്നു.

89 ഓക്ടോബറിലാണ് ജോസഫ് വിഭാഗം ഇടതുപക്ഷ പാളയത്തിലേക്ക് എത്തുന്നത്. പിന്നീട് ഇന്നുവരെ ഇടതുപക്ഷത്തിന്‍റെ ക്രിസ്തീയ നാവായി പി.ജെ.ജോസഫ്. എം.എ. ബിരുദധാരിയായ പി.ജെയ്ക്ക് പാട്ടിലും ജൈവകൃഷിയിലുമുള്ള താത്പര്യം ഏറെ പ്രസിദ്ധം. ഡോ.ശാന്തയാണ് ഭാര്യ. അപ്പു (സ്വിസ് എയര്‍വെയ്സ്), യമുന (ഗവേഷണ വിദ്യാര്‍ത്ഥി), ആന്‍റണി (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍), ജോ എന്നിവര്‍ മക്കള്‍.

Share this Story:

Follow Webdunia malayalam