കേന്ദ്രം അനുവദിച്ച അരിയില്‍ നിറവ്യത്യാസവും പൊടിയും; കേരളം വാങ്ങുന്നില്ലെന്ന് മന്ത്രി
കിലോയ്ക്ക് 23 രൂപ നിരക്കില്‍ അനുവദിച്ച അരിക്ക് 31.73 രൂപയാണ് എഫ്സിഐ ആവശ്യപ്പെട്ടത്
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി സംസ്ഥാനം വാങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.
' സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ല. അരിയെടുക്കുന്നതിനായി എഫ്സിഐ ഗോഡൗണുകളില്‍ സപ്ലൈകോ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഇവ വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സപ്ലൈകോ ക്വാളിറ്റി അഷ്വറന്‍സ് മാനേജരെയും റേഷനിങ് കണ്‍ട്രോളറെയും ചുമതലപ്പെടുത്തി. അരിയില്‍ നിറ വ്യത്യാസവും പൊടിയുടെ അമിതമായ സാന്നിധ്യവും കണ്ടെത്തി,'
' കിലോയ്ക്ക് 23 രൂപ നിരക്കില്‍ അനുവദിച്ച അരിക്ക് 31.73 രൂപയാണ് എഫ്സിഐ ആവശ്യപ്പെട്ടത്. അരിയുടെ കൈകാര്യചെലവ്, മില്‍ ക്ലീനിങ് ചെലവ് എന്നീ ഇനങ്ങളില്‍ കിലോയ്ക്ക് മൂന്ന് രൂപ ചെലവ് വരും. മില്‍ ക്ലീനിങ് നടത്തുമ്പോള്‍ ഭക്ഷ്യധാന്യത്തിന്റെ അളവില്‍ 10 ശതമാനംവരെ കുറവുണ്ടാകും. ഇതുകൂടി പരിഗണിക്കുമ്പോള്‍ കിലോയ്ക്ക് സപ്ലൈകോ ചെലവഴിക്കേണ്ട തുക 37.23 രൂപയായി ഉയരും. ഇ ടെന്‍ഡറിലൂടെ ശരാശരി 35-36 രൂപയ്ക്ക് ഗുണമേന്മയുള്ള പച്ചരി ലഭിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സംസ്ഥാനം വാങ്ങുന്നില്ല.' മന്ത്രി വ്യക്തമാക്കി.