അവള്‍ കുഞ്ഞിന് ജന്മം നല്‍കിയത് നടുറോഡില്‍! - കണ്ടുനിന്ന് രസിച്ച് നാട്ടുകാര്‍
കുട്ടിന് ആരുമില്ല, ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി നടുറോഡില്‍ പ്രസവിച്ചു - സഹായിക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി നാട്ടുകാര്‍
കൂടെ ആരുമില്ലെന്ന കാരണത്താല്‍ ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച പതിനേഴുകാരി പ്രസവിച്ചത് നടുറോഡില്‍. ജാര്‍ഖണ്ഡിലെ സരയ്‌കേല-ഖരസവാന്‍ ജില്ലയിലാണ് സംഭവം. ചികിത്സ നിഷേധിച്ച് ഇറക്കി വിട്ട പെണ്‍കുട്ടി നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് നടുറോഡില്‍ പ്രസവിച്ചത്. ചിലര്‍ കണ്ടു നിന്ന് രസിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചികിത്സ നിഷേധിക്കപ്പെട്ട പെണ്‍കുട്ടി ഹെല്‍ത്ത് സെന്ററിനടുത്ത് 30 മീറ്റര്‍ ദൂരത്തിലുള്ള റോഡിലാണ് പ്രസവിച്ചത്. സംഭവ സമയത്ത് ധാരാളം ആളുകള്‍ റോഡില്‍ ഉണ്ടായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. വാഹനങ്ങള്‍ കടന്നു പോയെങ്കിലും ഒന്നും നിര്‍ത്തിയില്ല. കാമുകനാല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയേയും കുഞ്ഞിനേയും ഓം പ്രകാശെന്ന വ്യക്തിയാണ് സഹായിക്കാനെത്തിയത്. ഇദ്ദേഹം പൊലീസില്‍ വിവരമറിയിക്കുകയും മെഡിക്കല്‍ ഓഫീസര്‍ അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍കൊടി മുറിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഭേദമായിരിക്കുകയാണ്.