ആമിര്ഖാന് ചെയ്താല്‍ ആഹാ, നമ്മുടെ പിള്ളേര് ചെയ്താല്‍ ഓഹോ - ഫ്രീക്കന്മാര്ക്ക് കട്ട സ്പോര്ട്ടുമായി ബെഹ്റ
ആമിര്ഖാന് മുടി വളര്‍ത്തിയും മൂക്കിന് തുമ്പില്‍ സ്റ്റെഡ് ഇട്ടും നടക്കാം, അത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ചെയുമ്പോള്‍ എങ്ങനെ കുറ്റമാകും: ബെഹ്റ
കേരളത്തില്‍ മിക്കവരും സദാചാര പൊലീസാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ. സമൂഹത്തില്‍ ഈ പ്രവണതകള്‍ കൂടിവരുന്നുണ്ടെന്നും ഇത് അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ മാഗസിന് നല്കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെഹ്റ.
നമ്മുടെ ജീവിത ശൈലിയിലും മൂല്യങ്ങളിലും എല്ലാം മാറ്റം വന്നിരിക്കുന്നു. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി എനിക്ക് എന്റേതായ സ്പേസ് വേണം അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം എന്നുപറഞ്ഞു തുടങ്ങിയിരിക്കുന്ന നാടാണ് ഇത്. അത് കണ്ടില്ലെന്ന് നടിക്കരുത്. അതിനെ എതിര്‍ക്കുകയും ചെയ്യരുത്. ഇത്തരം അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ അപകടത്തിലും കബളിപ്പിക്കലിലും പെടാതിരിക്കാനുള്ള സംരക്ഷണമൊരുക്കുകയാണ് വേണ്ടതെന്നും ലോക്നാഥ് ബെഹ്റ പറയുന്നു.
ഇന്ന വസ്ത്രമേ ഇടാന്‍ പാടുള്ളൂ എന്ന് നിര്‍ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നൊരു അതിര്‍ത്തിയിട്ടുണ്ട്. അതിനുള്ളില്‍ നില്ക്കുന്നതാകണം എന്നേയുള്ളൂ. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടി വളര്‍ത്തുന്നവരുടെ കാര്യവും. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബെഹ്റ പറഞ്ഞു.
ആമിര്ഖാന് മുടി വളര്‍ത്തിയും മൂക്കിന് തുമ്പില്‍ സ്റ്റെഡ് ഇട്ടും നടക്കാം. അതേ പോലെ നമ്മുടെ നാട്ടില്‍ ഒരു ചെറുപ്പക്കാരന് ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്ക്കും ഒരുപോലെയല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അത് ആസ്വദിക്കാനുള്ള അവകാശമുണ്ടെന്നും ബെഹ്റ ചൂണ്ടികാട്ടി.