'ഈടെള്ളോരെ സുഖവും സൊയിര്യവും കെടുത്താനാണെങ്കി ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും'; കശാപ്പ് നിരോധനത്തിനെതിരായുള്ള വീഡിയോ വൈറലാകുന്നു
കശാപ്പ് നിരോധനത്തിനെതിരായി ഒരു വീഡിയോ
കേന്ദ സര്‍ക്കാരിന്റെ കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരളത്തില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. നിരവധിപേര്‍ ഈ നിരോധനത്തെ എതിര്‍ത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. പലരും പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയത്. അതില്‍ നിന്ന് ഏറെ വ്യത്യസ്തതയുള്ള പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ‘അല്‍ മലപ്പുറം’ എന്ന വീഡിയോ.
മലപ്പുറത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറക്കിയ വീഡിയോയില്‍ നിരോധന രാഷ്ട്രീയത്തെയും വര്‍ഗീയ ധ്രുവീകരണത്തെയുമാണ് എതിര്‍ക്കുന്നത്. അല്‍ മലപ്പുറം അഥവാ അദ്ഭുതമാണീ മലപ്പുറം എന്നാണ് വീഡിയോയുടെ മുഴുവന്‍ പേര്. ആഷിഖ് അയ്മര്‍ ഒരുക്കിയ പ്രതിഷേധ വീഡിയോയില്‍ മലപ്പുറത്തെ ഫുട്ബാളും ബീഫും മതേതരത്വവും എല്ലാം പ്രതിപാദിക്കുന്നുണ്ട്.
മലപ്പുറം സ്ലാങിലാണ് വീഡിയോയിലുള്ളവരെല്ലാം സംസാരിക്കുന്നത്. ഉള്ളും പള്ളേം നെറക്കാനാണെങ്കി ഇങ്ങട്ട് പോന്നോളീ, നേരെമറിച്ച് ഈടെള്ളോരെ സുഖവും സൊയിര്യവും കെടുത്താനാണെങ്കി ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും (മനസും വയറും നിറക്കാനാണെങ്കി ഇങ്ങോട്ട് വന്നോളൂ, ഇവിടെയുള്ളവരുടെ സുഖവും സമാധാനവും കളയാനാണെങ്കില്‍ അത് നടക്കില്ല) എന്ന് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.