ഊച്ചാളികളും ഭീരുക്കളുമാണ് ഫേസ്ബുക്കിലൂടെ തെറിപറയുന്നത്; മന്ത്രി സുധാകരന്
ശൃംഗേരി മഠാധിപതി സന്ദര്‍ശനത്തില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി ജി സുധാകരന്
ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മന്ത്രി ജി സുധാകരന്. സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ താന്‍ പോയത്. അദ്ദേഹം ഒരു വര്‍ഗീയ വാദിയല്ല. അദ്ദേഹം പൊന്നാട സ്വീകരിക്കാത്തതിനാല്‍ തട്ടില്‍വെച്ച് പഴങ്ങള്‍ നല്കി. ഇതിലെന്താണ് കുഴപ്പം. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്കിലൂടെ എന്നെ തെറിപറയുന്നവര്‍ ഭീരുക്കളും ഊച്ചാളികളുമാണ്. കഴിഞ്ഞദിവസം ഒരു സംഭവം നടന്നു. തിരുവനന്തപുരത്തുനിന്ന് എസ് എഫ് ഐക്കാരനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു പറഞ്ഞു, ഞാന്‍ കാരണം അവന് മുഖത്ത് മുണ്ടിട്ടുനടക്കേണ്ട ഗതികേടാണെന്നാണ് അവന് പറഞ്ഞത്. അവന് യഥാര്‍ത്ഥത്തില്‍ എസ്.എഫ്.ഐ.ക്കാരനൊന്നുമല്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ കാര്യങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും നടന്നകാര്യങ്ങള്‍ എഴുതുവാനുള്ള ധൈര്യം ഇത്തരം ആളുകള്‍ക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 15ന് രാവിലെ പതിനൊന്നുമണിക്കാണ് ആലപ്പുഴയിലെ എസ്ഡിവി സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ആ ചടങ്ങിലാണ് ജില്ലയിലെ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും നേരത്തെ തന്നെ എത്തി അവിടെ ദര്‍ശനത്തിനായി കാത്തിരുന്നത്. മന്ത്രിമാര്‍ക്കാണ് ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.