Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിര്‍പ്പുകള്‍ക്ക് പുല്ലുവില, രണ്ടു സീറ്റും സിപിഎം എടുത്തു

എതിര്‍പ്പുകള്‍ക്ക് പുല്ലുവില, രണ്ടു സീറ്റും സിപിഎം എടുത്തു
തിരുവനന്തപുരം , വെള്ളി, 12 മാര്‍ച്ച് 2010 (17:31 IST)
PRO
തുടര്‍ച്ചയായി രണ്ടു ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനൊടുവില്‍ ഒഴിവു വരുന്ന രണ്ടു രാജ്യസഭാ സീറ്റും ഏറ്റെടുക്കാന്‍ സി പി എം തീരുമാനിച്ചു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് അഞ്ചു തവണ യോഗം ചേര്‍ന്നെങ്കിലും രണ്ടു സീറ്റും വേണമെന്ന തങ്ങളുടെ നിലപാടില്‍ തന്നെ സി പി എം ഉറച്ചു നില്ക്കുകയായിരുന്നു.

ആര്‍ എസ് പിയുടെ വിയോജിപ്പോടു കൂടിയാണ് സി പി എം രണ്ടും സീറ്റും ഏറ്റെടുത്തതെന്ന് സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ സീറ്റു നിഷേധിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ വി പി രാമകൃഷ്ണപിള്ളയോ മന്ത്രി എന്‍ കെ പ്രേമചന്ദ്രനോ മറ്റു പാര്‍ട്ടി നേതാക്കളോ തയ്യാറായില്ല. സി പി ഐ നേതാക്കളും ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് മൌനമാണ് മറുപടി നല്കിയത്.

ഇന്നു രാവിലെ മുന്നണിയോഗം ചേര്‍ന്നപ്പോള്‍ എല്‍ ഡി എഫിന്‍റെ ഒരു രാജ്യസഭാസീറ്റ് സി പി എമ്മും ആര്‍ എസ് പിയും മൂന്നു വര്‍ഷക്കാലം വെച്ച് പങ്കിടണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടെങ്കിലും സി പി എം അതു തള്ളുകയായിരുന്നു. രണ്ടു സീറ്റും പൂര്‍ണമായും തങ്ങള്‍ക്ക് തന്നെ വേണമെന്ന് ആദ്യം മുതലേ വ്യക്തമാക്കിയ സി പി എം തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയല്ലാതെ വേറൊന്നും ചെയ്തില്ല.

Share this Story:

Follow Webdunia malayalam