ഒന്നും അവസാനിച്ചിട്ടില്ല, ഇനിയും ചിലതെല്ലാം നടക്കാനുണ്ട്; ഇദ്ദേഹത്തിന്റെ വാക്കുകള്‍ പിണറായിക്കെതിരോ ദിലീപിനെതിരോ?
കേസ് തെളിയരുതെന്ന് സര്‍ക്കാരിന് വാശിയുണ്ടായിരുന്നു, മുഖ്യമന്ത്രിക്ക് അയച്ച കത്ത് വെളിച്ചം കണ്ടിട്ടില്ല: ആരോപണവുമായി പി ടി തോമസ്
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിനെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ്. സംഭവത്തിന് പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പി ടി തോമസ് പറഞ്ഞു. അറസ്റ്റുകൊണ്ട് കാര്യങ്ങള്‍ തീരില്ല, ഇനിയുമുണ്ട് പുറത്തുവരാന്‍ പല കാര്യങ്ങളും എന്നാണ് പിടി തോമസ് പറയുന്നത്.
നടിക്കെതിരെ ആക്രമണമുണ്ടായതിന് ശേഷം മുഖ്യമന്ത്രിക്ക് നല്കിയ കത്ത് വെളിച്ചം കണ്ടിട്ടില്ലെന്നും എന്തുകൊണ്ട് ആ കത്തിന് ഒരു മറുപടി ഉണ്ടായില്ലെന്നും പിടി തോമസ് ചോദിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കേസില്‍ ഗൂഢാലോചനയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് കേസ് തെളിയണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കേസിലെ യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ച് പുറത്തറിഞ്ഞതോടെയാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയത്. അതുകൊണ്ടാണ് ഗുഢാലോചന ഇല്ല എന്ന സര്‍ക്കാരിന്റെ നിലപാട് അവര്‍ക്ക് തന്നെ മാറ്റേണ്ടി വന്നത്. നിര്‍ണായകമായ ഒരു കേസും എഡിജിപി ബി സന്ധ്യ അന്വേഷിച്ച് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കേസില്‍ സര്‍ക്കാര്‍ അവരെ നിയോഗിച്ചതെന്നും പി ടി തോമസ് പറഞ്ഞു.