Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി

കേരള കോണ്ഗ്രസ്
, ശനി, 22 മാര്‍ച്ച് 2014 (14:32 IST)
PRO
PRO
കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍ നിന്നും നേതാക്കള്‍ കൂട്ട രാജിക്ക്‌. പാര്‍ട്ടി ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായി അധപതിച്ചുവെന്നാരോപിച്ചാണ്‌ രാജി. രാജി വച്ചവര്‍ ഇവര്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ്‌ (നാഷണലിസ്റ്റ്‌) പാര്‍ട്ടിയില്‍ ചേരും.

കെ.എം. മാണിയുടെ കുടുംബാധിപത്യമാണ്‌ പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്നത്‌. ഇതില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറിയുമായ കുരുവിള മാത്യൂസ്‌, പാര്‍ട്ടി ജില്ല ജന.സെക്രട്ടറി എം.എ.വി. കെന്നഡി, യൂത്ത്‌ ഫ്രണ്ട്‌ മുന്‍ സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ എം.എന്‍. ഗിരി, കെടിയുസി(എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എ. റഹീം, വനിത കോണ്‍ഗ്രസ്‌(എം) ജില്ലാ ജന.സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ ഷക്കീല മറ്റപ്പള്ളി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം പി.എന്‍. ഗോപിനാഥന്‍ നായര്‍ എന്നിവരാണ്‌ രാജി വച്ചത്‌.

അധികാരത്തിന്റെ മത്ത്‌ പിടിച്ച്‌ മന്ത്രി സ്ഥാനവും ചീഫ്‌ വിപ്പ്‌ സ്ഥാനവും നിലനിര്‍ത്തുകയെന്ന അജണ്ടയാണ്‌ കേരളത്തിലെ കര്‍ഷകരെ വഞ്ചിച്ചുകൊണ്ട്‌ മാണി ഗ്രൂപ്പ്‌ നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രസക്തിതന്നെ നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ പിരിച്ചുവിടുകയാണ്‌ വേണ്ടത്‌. സംസ്ഥാനത്ത്‌ പാറമട ലോബിയുടെ സംരക്ഷകരായി പാര്‍ട്ടിമാറിയെന്നും അവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ്‌ അടുത്തിട്ടുപോലും സംസ്ഥാന സെക്രട്ടേറിയേറ്റോ, സംസ്ഥാന-ജില്ലാ കമ്മറ്റികളോ കൂടിയിട്ടില്ല. മാണി ഗ്രൂപ്പ്‌ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നടത്തുന്നത്‌ ഇവന്റ്‌ ഗ്രൂപ്പ്‌ കമ്പനികളാണ്‌.

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന്‌ കുരുവിള മാത്യൂസ്‌ പറഞ്ഞു. 10 വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ എട്ട്‌ ലക്ഷം കോടി രൂപയുടെ അഴിമതിയാണ്‌ നടത്തിയിരിക്കുന്നത്‌. കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികള്‍ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്‌ പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ദിശാബോധം ഇരു പാര്‍ട്ടികള്‍ക്കുമില്ല. ഗുജറാത്ത്‌ മോഡല്‍ വികസനമാണ്‌ രാജ്യത്തിനാവശ്യം.

കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്‌(നാഷണലിസ്റ്റ്‌) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നോബിള്‍ മാത്യുവിനും ആലപ്പുഴ മണ്ഡലത്തിലെ അര്‍എസ്പി(ബി) യിലെ പ്രൊഫ.എ.വി.താമരാക്ഷനും മറ്റ്‌ മണ്ഡലങ്ങളില്‍ ബിജെപിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam