ഡയറിയിലൊന്നും വലിയ കാര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു
മന്ത്രിക്കസേരയിൽ നിന്നും തെറിക്കാൻ ഇനിയും ചിലർ! ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാ...
പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡയറികളിൽ പേരുകൾ സ്ഥാനംമാറി പ്രിന്റ് ചെയ്തുവെന്ന കാരണത്താൽ അച്ചടിച്ച നാൽപ്പതിനായിരത്തോളം ഡയറികൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്ച്ചിലവ് ആണെന്ന് ജോയ് മാത്യു വ്യക്തമാക്കുന്നു. രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവർക്ക് കക്ഷത്തിൽ കൊണ്ടുനടക്കാൻ അല്ലാതെ സർക്കാർ ഡയറി കൊണ്ട് വേറെന്ത് പ്രയോജനമാണ് ഉള്ളതെന്ന് ജോയ് മാത്യു ചോദിക്കുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കക്ഷത്തിൽ വെച്ച് നടക്കാനും താൻ ഭരിക്കുന്ന പാർട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സർക്കാർ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മൾ ഡയറികൾ അച്ചടിക്കും. ഇപ്പോഴിതാ
ഡയറിയിൽ തങ്ങളുടെ പേരുകൾ അച്ചടിച്ചത് സ്‌ഥാനം തെറ്റിച്ചുവന്നതിൽ മനം നൊന്ത മന്ത്രിമാർ അച്ചടിച്ചുകഴിഞ്ഞ നാൽപ്പതിനായിരത്തിലധികം ഡയറികൾ നശിപ്പിക്കുവാനൊരുബെടുന്നത്രെ.
ഒരു ഡയറി അച്ചടിക്കാൻ 185 രൂപ ചിലവുവരുമെന്നും നാൽപ്പതിനായിരം ഡയറി അച്ചടിച്ച് വിതരണം ചെയ്യാൻ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേർ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങൾ മനസ്സിൽ എഴുതപ്പെടുക. അല്ലാതെ പാറ്റയും ചിതലും തിന്നുതീർക്കുന്ന ഡയറിലെ പേരിൽ ഒരു കാര്യവുമില്ലെന്ന് ഇവർ എന്നാണു മനസ്സിലാക്കുക.
അച്ചടിച്ച ഡയറികൾ നശിപ്പിക്കുന്നതിനു പകരം നിർദ്ധനരായ കുട്ടികൾക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ. മന്ത്രിമാർ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി: മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)-ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു ! അത് കൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ.