തിരുവനന്തപുരം ജില്ലയിലെ സംഘര്‍ഷം നിയന്ത്രണവിധേയം; അക്രമികളെ ഉടന്‍ പിടികൂടും - ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം ജില്ലയിലെ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി
തിരുവനന്തപുരം ജില്ലയിലുണ്ടായ ബിജെപി-സിപിഐഎ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആക്രമണം നടത്തിയവരെ ഉടന്‍ പിടികൂടുമെന്നും നഗരത്തില്‍ ശക്തമായ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതു വരെ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റിയിലെ പത്തോളം എസ് ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റ് നടത്തും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ കെ ജി സെന്റര്‍ ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷയാണ് എര്‍പ്പെടുത്തിയിട്ടുള്ളത്. കെ പി ആക്ട് പ്രയോഗിച്ച് അടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ ജാഥകളും മറ്റും നിരോധിച്ചുള്ള ഉത്തരവിറക്കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പാര്‍ട്ടി പതാകകളും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
കൂടുതല്‍ അക്രമണങ്ങള്‍ തടയുന്നതിനായി പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 450ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ആക്രമണമുണ്ടാവാനുള്ള സാധ്യത ഇല്ലെന്നും ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഡാലോചന നടന്നതായി കരുതുന്നില്ലെന്നും എന്നിരുന്നാലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും ബെഹ്റ പറഞ്ഞു.