നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്, ഇനി മാണിയുമായി ചര്‍ച്ചയില്ല; കോണ്‍ഗ്രസിനെ മാണി തെരുവില്‍ അപമാനിച്ചെന്ന് പാര്‍ട്ടിയില്‍ പൊതുവികാരം
ബി ജെ പിയോട് അടുക്കുമെന്ന പ്രചരണം അസംബന്ധം: മാണി
ചരല്‍ക്കുന്നില്‍ കെ എം മാണി സ്വരം കടുപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടും കടുപ്പിച്ചു. ഇനി മാണിയുമായി യാതൊരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിനെ മാണി തെരുവില്‍ അപമാനിച്ചെന്ന വികാരവും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നു.
ഇനി മാണിയുമായി ഒരു ചര്‍ച്ചയും ആവശ്യമില്ലെന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ മാണി ഇങ്ങോട്ടുവരട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കടുത്ത നിലപാട് എടുക്കില്ലെന്നാണ് ചരല്‍ക്കുന്ന് ക്യാമ്പിനെക്കുറിച്ച് മാണി കോണ്‍ഗ്രസിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ പരസ്യമായ വിഴുപ്പലക്കല്‍ നടത്തി കോണ്‍ഗ്രസിനെ തെരുവില്‍ അപമാനിക്കുകയാണ് മാണി ചെയ്തിരിക്കുന്നത്. ഇത്രയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച മാണിയോട് അങ്ങോട്ടുപോയി ഇനി ചര്‍ച്ചയില്ല - കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചിരിക്കുന്നു.
അതേസമയം കേരള കോണ്‍ഗ്രസ് ഇനി ബി ജെ പിയോട് ചേര്‍ന്ന് നില്ക്കുന്ന നിലപാടെടുക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെ എം മാണി ചരല്‍ക്കുന്ന് ക്യാമ്പില്‍ പ്രഖ്യാപിച്ചതായാണ് വിവരം. എന്‍ ഡി എയുമായി കേരള കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ചര്‍ച്ച നടത്തിയിട്ടില്ല. യു ഡി എഫിനോടും എല്‍ ഡി എഫിനോടും സമദൂരം പാലിക്കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അധികകാലം ഈ സമദൂര സിദ്ധാന്തവുമായി മുന്നോട്ടുപോകാനാവില്ല. ആരോട് മാണി ശരിദൂരം പ്രഖ്യാപിക്കുമെന്ന് ഇപ്പോള്‍ പറയുക അസാധ്യം.
അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ തുടര്‍ന്ന് എങ്ങനെ ഭരണം വരും എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യു ഡി എഫ് ഭരണസംവിധാനത്തിനൊപ്പമാണ് കേരള കോണ്‍ഗ്രസ് നിലകൊള്ളുന്നത്.