Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിയ്ക്കാനായി ഉപയോഗിച്ചത് 5249.6 കിലോ വെടിമരുന്നായിരുന്നുയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി
കൊച്ചി , വെള്ളി, 20 മെയ് 2016 (11:58 IST)
വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിയ്ക്കാനായി ഉപയോഗിച്ചത് 5249.6 കിലോ വെടിമരുന്നായിരുന്നുയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടത്തെി. കൂടാതെ നിരോധിത രാസവസ്തുക്കള്‍ അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചിരുന്നതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
വെടിക്കെട്ട് നടത്തുന്നതിനായി രണ്ട് കരാറുകാരുമായും ക്ഷേത്രം കമ്മിറ്റിക്കാര്‍ ധാരണയിലെത്തിയിരുന്നു. മത്സര വെടിക്കെട്ട് നടത്തുന്നതിനായിരുന്നു ഇത്തരത്തില്‍ ധാരണ വച്ചത്. വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നുമായിരുന്നു പൊട്ടിച്ചത്. ഇത്രയും അളവിലുള്ള വെടിമരുന്ന് പൊട്ടിച്ച ശേഷമായിരുന്നു നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. കൂടാതെ വെടിക്കെട്ടിനായി 486 കിലോ വെടിമരുന്ന് കൂടി സുരേന്ദ്രന്‍ കരുതിയിരുന്നു. എന്നാല്‍ പതിനഞ്ചു കിലോ വെടിമരുന്ന് മാത്രം കൈവശം വെക്കാനുള്ള ലൈസന്‍സായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്. സംഭവത്തില്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് പങ്കാളിത്തം ഉള്ളതായും തെളിവില്ല. അതുപോലെ തീവ്രവാദ പങ്കാളിത്തവും ഉണ്ടായിട്ടില്ല. അനുവദനീയ പരിധിയെക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്തിയുള്ള സ്ഫോടനമാണ് വെടിക്കെട്ടിന്റെ മറവില്‍ ഇവര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
വെടിക്കെട്ട് ദുരന്തത്തില്‍ 110പേര്‍ മരിക്കുകയും നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പതിനഞ്ചോളം മൃതദേഹങ്ങള്‍ ഇതുവരേയും തിരിച്ചറിയാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഡി എന്‍ എ പരിശോധനഫലവും ഫോറന്‍സിക് പരിശോധനഫലവും ലഭിക്കാനുണ്ട്. പതിമൂന്ന് ക്ഷേത്ര ഭാരവാഹികളും രണ്ട് വെടിക്കെട്ട് ലൈസന്‍സുകാരുമുള്‍പ്പെടെ 43 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ദുരന്തത്തില്‍ 112 കെട്ടിടങ്ങള്‍ തകര്‍ന്നു. 2.58 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി വകുപ്പിനും വലിയ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് ജസ്റ്റിസ് വി ചിദംബരേഷിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് അനന്തകൃഷ്ണന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ സര്‍ക്കാരിന് നിങ്ങള്‍ സഹായം ചെയ്യണം; എനിക്കു ചെയ്തതല്ല: മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മടങ്ങും മുമ്പ് മാധ്യമങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കുത്ത്