പൊതുനിരത്തില്‍ യോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാരും വിവിധ സംഘടനകളും ആയിരുന്നു റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. വിധിയില്‍ അപാകതയില്ലെന്ന് റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ജനവിരുദ്ധമാണെന്നും സര്‍ക്കാരിന് കനത്ത കോടതി ചെലവ് ചുമത്തുന്നില്ലെന്നും കോടതി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഉത്തരവ് പുനപ്പരിശോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ് ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
മുന്‍വിധി പരിശോധിക്കാന്‍ കാരണങ്ങളില്ലെന്നും നിരത്തുവക്കില്‍ പൊതുയോഗം നടത്തണമെന്ന നിര്‍ബന്ധം വിചിത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുനിരത്തില്‍ യോഗം നിരോധിച്ച കോടതി ഉത്തരവ് നടപ്പാക്കുന്നത് അപ്രായോഗികവും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരും വിവിധ സംഘടനകളും റിവ്യൂ ഹര്‍ജി നല്‍കിയത്.