Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദനിയുടെ പങ്കിന് തെളിവില്ലെന്ന് ശങ്കര്‍ ബിദ്‌രി

മദനിയുടെ പങ്കിന് തെളിവില്ലെന്ന് ശങ്കര്‍ ബിദ്‌രി
ബാംഗ്ലൂര്‍ , ബുധന്‍, 25 ഓഗസ്റ്റ് 2010 (19:29 IST)
PRO
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പങ്കിന് ഇതുവരെ തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. ആഭ്യന്തരമന്ത്രി വി എസ് ആചാര്യ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും ബിദ്‌രി പറഞ്ഞു.

ബാംഗ്ലൂര്‍ ചിന്നസ്വമി സ്റ്റേഡിയത്തിലെ സ്ഫോടനത്തില്‍ മദനിക്ക് പങ്കുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇന്നലെ കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ പറഞ്ഞിരുന്നു. പരോക്ഷമായ പങ്കാണ് മദനിക്കുള്ളതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ബിദ്‌രിയുടെ പ്രസ്താവന.

അതേസമയം, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന്‌ മൊഴി നല്‍കിയിട്ടില്ലെന്ന് മദനി തന്‍റെ അഭിഭാഷകനിലൂടെ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പങ്കുണ്ടെന്ന് മൊഴി നല്കിയതായുള്ള വാര്‍ത്ത തെറ്റാണെന്നും അഭിഭാഷകന്‍ അക്ബറിനോട് മദനി പറയുകയായിരുന്നു.

ഐ പി എല്‍ മത്സരത്തിനു മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്ഫോടനം അബ്ദുള്‍ നാസര്‍ മദനിയുടെ അറിവോടെ ആയിരുന്നുവെന്ന്‌ കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ്‌ ആചാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മദനി ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam