റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്; പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണും: മുഖ്യമന്ത്രി
റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം. സിപിഐയും റവന്യുമന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. കൈയേറ്റമൊഴിപ്പിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27ന് മന്ത്രിസഭാ യോഗങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
മൂന്നാറിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് രണ്ടു നിവേദനങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിന്റെ ആമുഖമായി പറഞ്ഞു. സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ ഒപ്പിട്ട നിവേദനമായിരുന്നു അതിലൊന്നെന്നും മുഖ്യമന്ത്രി വിശദമാക്കി. കൂടാതെ പല ഭാഗത്തുനിന്നും റവന്യു വകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറില്‍ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം മൂലം മൂന്നാറില്‍ പല സര്‍ക്കാര്‍ കാര്യങ്ങളും നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതിയും അദ്ദേഹം യോഗത്തില്‍ വായിച്ചു. കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം ആവശ്യമാണ്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോട്ടയത്ത് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് റവന്യുമന്ത്രി അറിയിച്ചു.