Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം കുടമാറ്റത്തിന്‍റെ വര്‍ണക്കാഴ്ചകളില്‍

ലോകം കുടമാറ്റത്തിന്‍റെ വര്‍ണക്കാഴ്ചകളില്‍
തൃശൂര്‍ , വെള്ളി, 9 മെയ് 2014 (18:52 IST)
എവിടെ കൊട്ടിയാലും തൃശൂര്‍ പൂരത്തിന് കൊട്ടണം, എവിടെ കണ്ടാലും തൃശൂര്‍ പൂരത്തിന് കാണണം. തൃശൂര്‍ പൂരത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന വാചകമാണിത്. ഏതൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയാലും ഓരോ മേളക്കാരന്‍റെയും ഏറ്റവും വലിയ ആഗ്രഹം തൃശൂര്‍ പൂരത്തിന് കൊട്ടുകയെന്നുള്ളതാണ്. ഏതൊക്കെ പൂരങ്ങള്‍ കണ്ടാലും തൃശൂര്‍ പൂരം കണ്ടാലാണ് കണ്‍ നിറയുക എന്നാണ്. അസ്തമയ സൂര്യന്‍ തന്‍റെ സ്വര്‍ണ കിരണങ്ങള്‍ കൂടി ചാര്‍ത്തിയപ്പോള്‍ കുടമാറ്റത്തിന്‍റെ സൌന്ദര്യം അതിന്‍റെ പരകോടിയിലെത്തി.
 
കണ്ണിനും കാതിനും വിസ്മയം തീര്‍ത്ത തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റം ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിസ്മയമാണ് തീര്‍ത്തത്. തൃശൂര്‍ പൂരത്തിന്‍റെ ഖ്യാതി ലോകം മുഴുവന്‍ അറിയുന്നതും ലോകം പൂരത്തിനായി തൃശൂരിലേക്ക് ഒഴുകിയെത്തുന്നതും ഈ കുടമാറ്റം കാണാനാണ്. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് തെക്കോട്ടിറങ്ങിയതോടെ അടക്കിവെച്ച ആവേശം അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്. മഴപ്പേടിയില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ നനഞ്ഞുനിന്ന തൃശൂര്‍ക്കാരെ ദൈവങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ പൂരം ദിനത്തില്‍ മഴ ദൂരെമാറിനിന്നു. 
 
മൈതാനത്തിന്‍റെ തെക്കുഭാഗത്ത്‌ ഇരുവിഭാഗങ്ങളും അഭിമുഖമായി നിന്നതോടെ തൃശൂര്‍ പൂരം തുടങ്ങുകയായി. ഇത് രണ്ടു വിഭാഗം ദേവിമാരുടെ കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
 
ശിവസുന്ദറിന്‍റെ നേതൃത്വത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ 15 ആനകളും നിരന്നു കഴിഞ്ഞതോടെ കുടമാറ്റം ആരംഭിച്ചു. മജന്ത നിറത്തിലുള്ള കുടകളും വെള്ള അലുക്കുള്ള കുടകളുമായി തിരുവമ്പാടി മുന്നോട്ടു വന്നു. പത്മനാഭന്‍റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ പാറമേക്കാവ് വിഭാഗവും അണിനിരന്നു. പാറമേക്കാവ് ഭഗവതി ഉടന്‍ തന്നെ തങ്ങളുടെ വര്‍ണവിസ്മയങ്ങളുടെ ആവനാഴിയില്‍ തീര്‍ത്തുവെച്ച വര്‍ണ്ണക്കുടകള്‍ എടുത്തു.
 
ചുവപ്പ് കുടകള്‍ മാറ്റി പച്ചനിറത്തിലുള്ള കുട പറമേക്കാവ് ഉയര്‍ത്തിയപ്പോള്‍ ഇതിനു മറുപടിയായി തിരുവമ്പാടിയും പച്ചനിറത്തിലുള്ള കുട ഉയര്‍ത്തി. അമ്പതിലേറെ കുടകളാണ് ഓരോ വിഭാഗവും ഉയര്‍ത്തിയത്. പലനിലകളിലും പല ഡിസൈനുകളിലുമുള്ള കുടകള്‍. അവയില്‍ ദീവീരൂപങ്ങളും വിവിധ നിറങ്ങളിലുള്ള കാഴ്ചകളും സൃഷ്ടിക്കപ്പെട്ടു. ഓരോ തവണ കുടമാറുമ്പോഴും പതിനായിരങ്ങള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു.

Share this Story:

Follow Webdunia malayalam