വില്ലേജ് ഓഫിസിന് മുന്നിലെ ആത്മഹത്യ: കര്‍ഷകന്റെ ഭൂനികുതി ഇന്ന് തന്നെ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍, വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് (58) വില്ലേജ് ഓഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികൾ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച ജോയിയുടെ സഹോദരനായ ജോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നുവെന്നും ജോണി പറഞ്ഞു.