Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു

സിഎംപി
തൃശൂര്‍ , ശനി, 22 മാര്‍ച്ച് 2014 (15:24 IST)
PRO
PRO
യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. തൃശൂരില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി, പിബി യോഗങ്ങളിലാണ് തീരുമാനം. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സിഎംപി തീരുമാനം. എന്നാല്‍ സിപി ജോണ്‍ വിഭാഗത്തിന് തീരുമാനത്തോട് യോജിപ്പില്ല. സി‌എം‌പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡി‌എഫിന് താല്‍‌പര്യമില്ലെന്നാണ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗൗരവമായെടുക്കുന്നില്ലെന്നതാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ ചൊടിപ്പിച്ച കാര്യം.

സിഎംപിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ കെ ആര്‍ അരവിന്ദാക്ഷന്‍ അടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയോട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് വിടാന്‍ സിഎംപി തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ 61 പേര്‍ പങ്കെടുത്തു.

ജനുവരി മാസത്തില്‍ സിഎംപിയിലുണ്ടായ പൊട്ടിത്തെറിയും പിളര്‍പ്പും യുഡിഎഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. പാര്‍ട്ടിയിലെ അരവിന്ദാക്ഷന്‍- സിപി ജോണ്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പോകണമെന്നായിരുന്നു തര്‍ക്കത്തില്‍ മാധ്യസ്ഥം വഹിച്ച കോണ്‍ഗ്രസിന്റെ നിര്‍ദേശം. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. പിളര്‍പ്പ് ഉണ്ടാകുന്ന ജനുവരി 17ന് മുന്‍പുളള പാര്‍ട്ടിയിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന വ്യവസ്ഥ സി പി ജോണ്‍ വിഭാഗം പാലിക്കുന്നില്ലെന്നാണ് കെ ആര്‍ അരവിന്ദാക്ഷന്‍, എം കെ കണ്ണന്‍ എന്നിവര്‍ നയിക്കുന്ന വിഭാഗം ആരോപിക്കുന്നത്.

പാര്‍ട്ടിയില്‍നിന്ന് പിരിച്ച് വിട്ടവരെ തിരിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഭാരവാഹികളാക്കുന്നു, കൂട്ടായ ആലോചനകളില്ലാതെ തീരുമാനമെടുക്കുന്നു എന്നീ ആക്ഷേപങ്ങളും സിപി ജോണിനെതിരേ അരവിന്ദാക്ഷന്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്. മുന്നണിയേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തകര്‍ക്കുന്ന കോണ്‍ഗ്രസ് രീതിയുമായി പൊരുത്തപ്പെട്ടു പോകാനാവില്ലെന്നുമുളള നിലപാടിലാണ് അവര്‍. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം നേതാക്കളുമായി സിഎംപി നേതൃത്വം പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആലപ്പുഴയിലായിരുന്നു ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടാണ് ഉണ്ടായത്. ഇപ്പോള്‍ ഘടകകക്ഷിയായും പിന്നീട് പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതുമായ പദ്ധതിയാണ് സിപിഎം നേതൃത്വത്തിന്റെ മനസിലുളളത്.

Share this Story:

Follow Webdunia malayalam