സ്വാശ്രയത്തിൽ കാലിടറി സര്‍ക്കാര്‍; ഫീസ് 11 ലക്ഷം തന്നെയെന്ന് സുപ്രീം കോടതി - പുനഃപരിശോധനാ ഹര്‍ജിയും തളളി
സ്വാശ്രയത്തിൽ തിരിച്ചടി: ഫീസ് 11 ലക്ഷം തന്നെയെന്ന് സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ കോളേജുകളിലും മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. സര്‍ക്കാരിന്റെ ഫീസ് ഘടന അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഈ വിധി. ഇതില്‍ അഞ്ചുലക്ഷം രൂപ പ്രവേശന സമയത്തുതന്നെ അടക്കണമെന്നും ബാക്കി വരുന്ന ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ, പണമായോ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അഡ്മിഷൻ പൂർത്തായാകാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതിനായി 15 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ഈ പണം സൂക്ഷിക്കുന്നതിനായി അതതു മാനെജ്മെന്റുകള്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ രണ്ട് കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിന് അനുമതി നല്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി ഇന്ന് തളളി.
ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സർക്കാരുമായി ഇതിനോടകം കരാർ ഒപ്പിട്ടവർക്കും ഈ വിധി ബാധകമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയും ചെയ്തു.