‘എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിനാണ് ‘?: ദീപാ നിശാന്ത്
കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് ദീപാ നിശാന്ത്
ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും എഴുത്തുകാരി ദീപാ നിശാന്ത്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് താന്‍ നില്‍ക്കുന്നതെന്നും ദീപാ നിശാന്ത് പറഞ്ഞു.
അതേസമയം തന്റെ എഴുത്തിനെ ഒരുപാട് പ്രോത്സാഹിപ്പിച്ച എഴുത്തുകാരിയാണ് ശാരദക്കുട്ടി. പിന്നെ എന്തിനാണ് ആളുകള്‍ തന്റെ പുസ്തകം വായിക്കുന്നതില്‍ അസ്വസ്ഥയാകുന്നതെന്നും ദീപാനിശാന്ത് ചോദിക്കുന്നു. സമകാലിക മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ദീപ ഇത് പറഞ്ഞത്.
എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്ന് അശോകന് ചരുവില്‍ പറഞ്ഞിരുന്നെങ്കില്‍ എല്ലാവരും അദ്ദേഹത്തെ വലിച്ചു കീറി ഒട്ടിക്കില്ലേ?. അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ട്. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൌരവമായി അതിനെ കണ്ടിട്ടില്ലെന്നും ദീപ പറഞ്ഞു.
അതേസമയം അശോകന് ചരുവില്‍ തന്നെ കുറിച്ച് പുകഴ്ത്തി പറഞ്ഞപ്പോള്‍ അത് വലിയ ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടി തനിക്ക് നിരവധി അനുമോദന സന്ദേശം അയച്ചിരുന്നു. അത് ഇപ്പോഴും എന്റെ ഇന്‍ബോക്സിലുണ്ട്. തനിക്ക് ഇത്തരം പ്രോത്സാഹനങ്ങള്‍ തന്ന ശാരദക്കുട്ടി ആളുകള്‍ എന്റെ പുസ്തകം വായിക്കുമ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പിന്നെ എഴിത്തുകാര് തമ്മില്‍ ഇത്തരമൊരു താരതമ്യത്തിന്റെ ആവശ്യം ഇല്ലെന്നും ദീപാ നിശാന്ത് പറയുന്നു.
എന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. മറ്റൊന്ന്, എന്റെ പുസ്തകം ഗംഭീരമാണെന്നു ഞാന്‍ അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഞാനൊരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. എന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി ഞാന്‍ സമൂഹ മാധ്യമത്തെ കാണുന്നില്ല. – ദീപ പറയുന്നു.