‘ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരന് ആദരാഞ്ജലികൾ’: വിഎസ്
അതുല്യ സംവിധായകന് അനുശോചനം രേഖപ്പെടുത്തി വിഎസ്
മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഐ വി ശശിയുടെ നിര്യാണത്തിൽ ചലച്ചിത്ര താരങ്ങള്‍ ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതുല്യ പ്രതിഭയെ കുറിച്ച് ചലച്ചിത്രലോകത്തെ ആളുകൾക്ക് പറയാനുള്ളത് നിരവധിയാണ്. അതേസമയം സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐവി ശശി എന്ന് വിഎസ് സന്ദേശത്തില്‍ പറഞ്ഞു. മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. പ്രശസ്ത നടി സീമയാണ് പത്നി.