‘നന്ദി ദിലീപേട്ടാ, എന്റെ മകന്റെ ആ ചിരിക്ക് കാരണം നിങ്ങളാണ്’ - ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ്
ആ ഒറ്റ നിമിഷം തന്നതിന് ഞാനും എന്റെ ഭാര്യയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു : ദിലീപിന് നന്ദി അറിയിച്ച് നിര്‍മാതാവ്
നടിക്കെതിരയ ആക്രമണത്തില്‍ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അറസ്റ്റിലായതോടെ ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിരവധിയാണ്. ഇതിനിടയില്‍ നിര്‍മാതാവ് ഫരീദ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. താരത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. തൃശിവപേരൂര് ക്ലിപ്തം, അമേന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് ഫരീദ് ഖാന് .
ഫരീദിന്റെ വാക്കുകളിലൂടെ:
നന്ദി ദിലീപേട്ടാ... ഇന്നലെ എന്റെ മകന്റെ ആറാം പിറന്നാള്‍ ആഘോഷിച്ചു. ആസ്തര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു ആഘോഷിച്ചത്. അവന് രക്താബുര്‍ദത്തിന് ചികിത്സ തേടുകയാണ്. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് ഡോക്ടര്‍ അവനെ ഡിസ്ചാര്‍ജും ചെയ്തതാണ്. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവന് വളരെ അവശനായിരുന്നു, ഒരുപാട് വേദനയും ഉണ്ടായിരുന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു.
ആ സമയങ്ങളിലെല്ലാം മാധ്യമങ്ങള്‍ താങ്കളുടെ അറസ്റ്റ് ആഘോഷിക്കുകയാണ്. ഞാനും മലയാളം ഇന്‍ഡസ്ട്രിയുടെ ചെറിയ ഭാഗമായതിനാല്‍ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടന്നാണ് എന്റെ കുട്ടി നിങ്ങളെ ടിവിയില്‍ കാണുന്നത്. അവന് ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘പപ്പ അത് ഉല്ലാസ് അല്ലേ‘ ( ടു കണ്ട്രീസിലെ നിങ്ങളുടെ കഥാപാത്രം). അവന് ഏറ്റവും പ്രിയപ്പെട്ട ചിത്രം. അവന് നിങ്ങളുടെ യഥാര്‍ത്ഥ പേര് അറിയില്ല. ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോള്‍ അവന് കുറച്ച് എനര്‍ജി കിട്ടി. ഉല്ലാസിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന് കുറച്ച് സമാധാനം ലഭിച്ചു. നിങ്ങള്‍ ഒരു നടനാണ്, ക്രിമിനല്‍ അല്ല, മാധ്യമമല്ല കോടതി. ദിലീപിനെ പിന്തുണയ്ക്കുന്നു.