തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന നീന്തൽകുളത്തിൽ അധികാരികളുടെ കണ്ണുവെട്ടിച്ചു കുളിക്കാനിറങ്ങിയ ഏഴംഗം വിദ്യാർത്ഥികളുടെ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ നെടുമങ്ങാട് വേങ്കവിള റോയൽ നീന്തൽ ക്ലബിൻ്റെ നിയന്ത്രണത്തിലുള്ള സ്വിമ്മിംഗ് പൂളിലായിരുന്നു ദുരന്തം ഉണ്ടായത്.
കുശർക്കോട് ഇരിപ്പിൽ ഷിനിൽഭവനിൽ ഷിനിൽ (13), കുശർക്കോട് വടക്കുംകര വീട്ടിൽ ആരോമൽ (15) എന്നിവരാണ് കൂട്ടരിൽ നിന്ന് കൂട്ടം തെറ്റി നീന്തൽ കുളത്തിൻ്റെ ആഴമുള്ള ഭാഗത്ത് മുങ്ങിത്താണത്. ഭയന്ന കൂട്ടുകാർ സമീപവാസികളെ അറിയിച്ചു. ഉടൻ ലൈഫ് ഗാർഡുകൾ എത്തി ഇരുവരെയും കരയ്ക്ക് എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ദിവസവും രാവിലെയും വൈകിട്ടും മാത്രമാണ് ഇവിടെ നീന്തൽ പരിശീലനം ഉള്ളത്. മറ്റു സമയം ഇത് പൂട്ടിയിടും. ഏഴംഗ വിദ്യാർത്ഥിസംഗം ചുറ്റുമതിൽ ചാടിക്കടന്നാണ് അനധികൃതമായി ഇവിടെ കളിക്കാനിറങ്ങിയത്. കുട്ടികൾ ചാടി അകത്തു കടക്കുന്നതും കളിക്കാൻ ഇറങ്ങിയതും മുങ്ങിത്താഴുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.