രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍
കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്
പ്രതി ഹരികുമാര്‍, ജോത്സ്യന്‍ ദേവിദാസന്‍
ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ജോത്സ്യന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കരിക്കകം സ്വദേശി ദേവീദാസന്‍ എന്നു വിളിക്കുന്ന പ്രദീപിനെ ചോദ്യം ചെയ്യാനായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഹരികുമാര്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരനാണ്. ഇയാള്‍ക്ക് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജോത്സ്യനുമായി ബന്ധമുണ്ടെന്നാണ് വിവരം. ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്ന് പൊലീസിനു സംശയമുണ്ട്.
പ്രതി ഹരികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പ്രതി പറഞ്ഞ പല കാര്യങ്ങളും പുറത്ത് പറയാന്‍ സാധിക്കാത്തതാണെന്ന് അന്വേഷണസംഘം മാധ്യമങ്ങളോടു പ്രതികരിച്ചു. ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്ന് റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം പ്രതിയും സഹോദരനുമായ ഹരികുമാറിനെതിരെ ദേവേന്ദുവിന്റെ അമ്മ ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്. ഹരികുമാര്‍ സ്ഥിരമായി കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നാണ് ശ്രീതുവിന്റെ മൊഴി. ദേവേന്ദുവിനെ ഹരികുമാര്‍ ഒരിക്കല്‍ എടുത്ത് എറിഞ്ഞിട്ടുണ്ടെന്നും ശ്രീതുവിന്റെ മൊഴിയില്‍ ഉണ്ട്.
കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചു. ജോത്സ്യനുമായി ഈ വിഷയത്തെ കുറിച്ച് ഹരികുമാര്‍ സംസാരിക്കുകയും പ്രതിവിധി തേടുകയും ചെയ്തിട്ടുണ്ട്.