കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല
കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.
പേവിഷബാധയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വാക്‌സിന്‍ എടുത്തിട്ടും ഫലം ഉണ്ടായില്ല. തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ അഞ്ചുവയസുകാരന്‍ ഹരിന്‍ ആണ് മരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.
കഴിഞ്ഞമാസം 31ന് പയ്യാമ്പലത്തെ വാടകവീട്ടില്‍വച്ചാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കടിയേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് വാക്‌സിന്‍ എടുത്തിരുന്നു. എന്നിരുന്നാലും പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മുഖത്ത് ആഴത്തില്‍ കടിയേറ്റാല്‍ വാക്‌സിനെടുത്താലും ഫലിക്കാതെ വരുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അടുത്തിടയായി ധാരാളം പേവിഷ ബാധ മരണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കുട്ടികളാണ് മരണപ്പെടുന്നവരില്‍ അധികം പേരും. കുട്ടികളെ നായ ആക്രമിക്കുമ്പോള്‍ തലയിലും കഴുത്തിലും കടിയേല്‍ക്കുന്നതാണ് രോഗം ബാധിച്ച് മരണപ്പെടുന്നതിന് സാധ്യത കൂട്ടുന്നത്.