പരിക്കേറ്റ മൂര്‍ഖനെ ചികിത്സയ്ക്കായി എത്തിച്ച പാമ്പു പിടിത്തക്കാരന്‍ അതേ മൂര്ഖന്റെ കടിയേറ്റു മരിച്ചു
ചികിത്സയ്ക്കായി കൊണ്ടുവന്ന മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ മരിച്ചു
പരിക്കേറ്റ മൂര്‍ഖനെ ചികിത്സയ്ക്കായി എത്തിച്ച പാമ്പു പിടിത്തക്കാരന്‍ അതേ മൂര്ഖന്റെ കടിയേറ്റു മരിച്ചു. മുക്കട വാകത്താനം മാന്തറയില്‍ രാജേഷ് എന്ന ബിജു (43) ആണ് ഈ ഹതഭാഗ്യവാന്‍. പരിക്കേറ്റ പാമ്പിനെ ചാക്കിലാക്കി ഇയാള്‍ പൊന്തന്‍പുഴ വെറ്ററിനറി ആശുപത്രിയില്‍ വരികയും പാമ്പിനെ ചാക്കില്‍ നിന്ന് പുറത്തേക്കു എടുക്കുകയും ചെയ്തപ്പോഴാണ് കടിയേറ്റത്.
കഴിഞ്ഞയാഴ്ചയാണു കരിമൂര്‍ഖന്‍ ഇനത്തില്‍ പെട്ട അപകടകാരിയായ ആറരയടി നീളമുള്ള പെണ്‍ മൂര്‍ഖനെ രാജേഷ് പിടികൂടിയത്. ഒരു പുരയിടത്തില്‍ നിന്നാണു പാമ്പിനെ പിടിച്ചത്. ആദ്യം പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മണ്ണിളക്കിയപ്പോള്‍ മാളത്തിനുള്ളിലിരുന്ന മൂര്‍ഖനു പരിക്കേല്‍ക്കുകയും തുടര്‍ന്ന് രാജേഷ് പാമ്പിനെ പിടിച്ച് ചാക്കിലാക്കുകയും ചെയ്തു.
എന്നാല്‍ തിങ്കളാഴ്ച പാമ്പിനെ ചികിത്സിക്കാന്‍ എത്തിയപ്പോഴാണു കടിയേറ്റത്. ഉടന്‍ തന്നെ പാമ്പിനെ ചാക്കിലാക്കുകയും തുടര്‍ന്ന് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും ചെയ്തു. എങ്കിലും വിഷമേറ്റ രാജേഷിന്‍റെ നില വഷളാവുകയും മരിക്കുകയും ചെയ്തു.