പുതിയ തന്ത്രവുമായി സുനി; മാഡമുള്‍പ്പെടയുള്ള പല വമ്പന്മാരുടെയും പേരുകള്‍ പുറത്തേക്ക് - എഴുതാനുറച്ച് പള്‍സര്‍
പുതിയ തന്ത്രവുമായി സുനി; മാഡമുള്‍പ്പെടയുള്ള പല വമ്പന്മാരുടെയും പേരുകള്‍ പുറത്തേക്ക് - എഴുതാനുറച്ച് പള്‍സര്‍
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ താൻ പറഞ്ഞ സിനിമാ മേഖലയിലെ മാഡത്തെക്കുറിച്ച് എഴുതുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡത്തെക്കുറിച്ച് മാത്രമല്ലെന്നും കേസിലെ മറ്റു വിശേഷങ്ങളും എഴുതുമെന്നും വിയ്യൂർ ജയിലിലേക്ക് മാറ്റുന്നതിനിടെ സുനി മാധ്യമങ്ങളോട് വ്യക്തമാക്കി.
കാക്കനാട് ജയിലിൽ ഉപദ്രവം ഏല്‍ക്കേണ്ടിവന്നുവെന്ന് സുനി കഴിഞ്ഞ ദിവസം കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിയ്യൂർ ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടത്.
അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ‘മാഡ’ത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് പൊലീസ് നേടി. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സുനിയെ എത്തിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ഇതോടെയാണ് മാഡത്തെക്കുറിച്ച് എഴുതുമെന്ന് സുനി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, കേസില്‍ നടന്‍ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ ഇന്ന് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് മൂന്നോട്ടു പോകുന്നത്. ഗൂഢാലോചന കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിജിപി പറഞ്ഞു.
രാവിലെ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിയിരുന്നു. ചൊവ്വാഴ്ചയാണ് ഇനി ജാമ്യഹര്‍ജി പരിഗണിക്കുക. ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതിഭാഗം വക്കീലിന്റെ കൂടെ സമ്മതത്തോടെയാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.