Publish Date: Mon, 21 Dec 2020 (07:31 IST)
Updated Date: Mon, 21 Dec 2020 (07:40 IST)
കൊച്ചി: മാളിൽവച്ച് നടി അപമാനിയ്ക്കപ്പെട്ട സംഭവത്തിൽ പ്രതികളെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറത്തുനിന്നും കളമശേരി സ്റ്റേഷനിലെത്തി കീഴടങ്ങാനുള്ള യാത്രയ്ക്കിടെ കുസാറ്റ് ജംഷനിൽ വച്ച് വാഹനം തടഞ്ഞ പൊലീസ് രാത്രി 8.50 ഓടെ മുഹമ്മദ് ആദിൽ (24), റംഷാദ് (24) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി ഇവരെ തിരിച്ചറിഞ്ഞ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. സംഭവത്തെക്കുറിച്ച് വിശദീകരിയ്ക്കുന്ന ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം തന്നെ അപമാനിയ്ക്കാൻ ശ്രമിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിയ്ക്കുന്നു എന്നും, ഇരുവരുടെയും കൂടുംബാംഗങ്ങളെ ഓർത്ത് മാപ്പ് നൽകുന്നു എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'മാളിൽ നടന്ന സംഭവത്തിൽ യുവാക്കളുടെ മാപ്പപേക്ഷ ഞാൻ സ്വീകരിയ്ക്കുന്നു. കൃത്യ സമയത്ത് പ്രതികരിച്ച പൊലീസിനൊടും മാധ്യമങ്ങളോടുമുള്ള എന്റെ നന്ദി ഞാൻ അറിയിയ്ക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തിൽ എനിയ്ക്കൊപ്പം നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയേണ്ടതുണ്ട്. രണ്ട് കുടുംബങ്ങൾ കൂടി ഇപ്പോൾ മോശം സമയത്തിലൂടെ കടന്നുപോവുകയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയെ അപമാനിയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും നടിയോടും കുടുംബത്തോടും മാപ്പുപറയാൻ തയ്യാറാണ് എന്നും യുവാക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.