നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സർക്കാർ സുപ്രീംകോടതിയില്‍

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (15:43 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ നടൻ ദിലീപിന് നൽകുന്നതിനെ എതിർത്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയില്‍. അജയ് മണിക് റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ വാദം തുടരുകയാണ്.

ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സർക്കാർ കോടതിയിൽ നിലപാടറിയിച്ചു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിക്ക് കൈമാറരുതെന്നും ഇക്കാര്യം വിചാരണക്കോടതി തീരുമാനിക്കട്ടെയെന്നും സർക്കാർ പറഞ്ഞു.

കേസിലെ തൊണ്ടിമുതലാണ് മെമ്മറി കാർഡ്, അതിലെ ദൃശ്യങ്ങൾ രേഖകളാണെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചേക്കാം. രേഖയാണെങ്കിലും മെമ്മറി കാർഡ് ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ അത് തനിയ്ക്ക് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതിയിൽ നടിയും മെമ്മറി കാർഡ് കൈമാറുന്നതിനെ ശക്തമായി എതിർത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ല ?