ദൃശ്യങ്ങളടങ്ങിയ ഫോണ്‍ വേണമെന്ന് ദിലീപ് വാശിപിടിച്ചു; സുനി അനുസരണയോടെ അത് അനുസരിച്ചു - പൊലീസ് തമിഴ്‌നാട്ടിലേക്ക്
ദൃശ്യങ്ങളടങ്ങിയ ഫോണ്‍ വേണമെന്ന് ദിലീപ് വാശിപിടിച്ചു; സുനി അനുസരണയോടെ അത് അനുസരിച്ചു - പൊലീസ് തമിഴ്‌നാട്ടിലേക്ക്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോ മുഖേനെ തമിഴ്‌നാട്ടിലേക്ക് കടത്തിയതായി സംശയം.
നടിയെ കാറില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് മുഖേനെ തമിഴ്നാട്ടില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട്ടിലെ തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ളതായിരുന്നു.
ഫോണ്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പൊലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍ നശിപ്പിച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ വാദം.
തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചു കളയാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോൺ നശിപ്പിച്ചെന്ന നിലപാടു സ്വീകരിച്ചാൽ അന്വേഷണം രാജുവിൽ അവസാനിക്കും എന്ന തന്ത്രമാണ് ഇരുവരും സ്വീകരിക്കുന്നതെന്നും പൊലീസ് കരുതുന്നു.