ദിലീപിനെ തേടിയെത്തിയ സിദ്ദിഖും കുടുങ്ങിയോ? - മൊഴിയെടുക്കാന്‍ തീരുമാനം
ദിലീപിനെ തേടി സിദ്ദിഖ് എന്തിന് അവിടെ എത്തി ?
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ സിദ്ദിഖിനെയും ചോദ്യം ചെയ്യും. കേസില്‍ ആരോപണവിധേയനായ ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണ സംഘം ചോദ്യം ചെയ്യവെ ആലുവ പൊലീസ് ക്ലബില്‍ എത്തിയതാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാരണം.
ആലുവ പൊലീസ് ക്ലബില്‍ വെച്ചാകും സിദ്ദിഖിനെയും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനിടെ പൊലീസ് ക്ലബില്‍ എന്തിനെത്തി, വരാനുണ്ടായ കാരണം എന്ത് എന്നീ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് റിപ്പോര്‍ട്ട്.
കേസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെയും നാദിര്‍ഷയേയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനൊടുവില്‍ സിദ്ദിഖ് ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു.
കേസ് കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീളുന്ന സാഹചര്യത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പൊലീസിനെ വഴിതെറ്റിക്കാന്‍ സുനി ശ്രമിക്കുമെന്നതിനാല്‍ സംസ്ഥാന പൊലീസിലെ ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ, മൂന്നു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘത്തെ സഹായിക്കാന്‍ അതാതു സ്ഥലത്തെ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി.