തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച് നടി ശോഭന
ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി ശോഭന. ബിജെപി നേതൃത്വത്തെ താരം ഇക്കാര്യം അറിയിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായാണ് ശോഭനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണം രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചു.
ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ശോഭനയെ പോലെ ജനങ്ങള്‍ക്ക് സുപരിചിതയായ ഒരാള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വേണമെന്നായിരുന്നു ബിജെപി നിലപാട്. ശോഭന മത്സരിച്ചാല്‍ തിരുവനന്തപുരം സീറ്റില്‍ ജയിക്കാമെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ശോഭനയുടെ നിലപാട്.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി അടക്കം ആവശ്യപ്പെട്ടെങ്കിലും ശോഭന താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ശോഭനയുടെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. കുമ്മനം രാജശേഖരന്‍, നടന്‍ കൃഷ്ണ കുമാര്‍ എന്നിവരെയാണ് ബിജെപി നേതൃത്വം ഇനി തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്.