ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ കൊണ്ടുവന്ന എഐ കാമറകള്‍ വീണ്ടും ചലാന്‍ അയച്ചുതുടങ്ങുകയാണ്. കാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപയാണ്. 80 ലക്ഷം പേരില്‍ നിന്നാണ് 500 കോടി രൂപ ഈടാക്കുന്നത്. കുറച്ചുകാലമായി നിയമലംഘനത്തിന് പിഴ വരാതിരുന്നപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കരുതി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു പലരുടെയും യാത്ര. എന്നാല്‍ ഇത്തരക്കാര്‍ക്ക് പണിയുമായി വന്നിരിക്കുകയാണ് എം വി ഡി. സംസ്ഥാനസര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണ് ക്യാമറകള്‍ വീണ്ടും ഉണര്‍ന്നു പണി തുടങ്ങിയത്.
2023 ജൂലൈയിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് പാതകളില്‍ 732 ക്യാമറകള്‍ സ്ഥാപിച്ചത്. ചലാന്‍ അയക്കാനുള്ള ചുമതലയും കെല്‍ട്രോണിന് നല്‍കിയിരുന്നു. ഇതിന് മൂന്നു മാസത്തിലൊരിക്കല്‍ 11.6 കോടി രൂപ വീതം ധനവകുപ്പ് നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇതിന്റെ കുടിശികതുക സര്‍ക്കാര്‍ നല്‍കിയതോടെയാണ് വീണ്ടും പണി തുടങ്ങിയത്.