ആത്മഹത്യ ചെയ്‌ത ‘ അവരുടെ രാവുകള്‍ ’ സിനിമയുടെ നിര്‍മാതാവിന്റെ കാമുകിയും ആത്മഹത്യ ചെയ്‌തു; അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കില്ലെന്ന് ആത്മഹത്യാകുറിപ്പ്
വിനീതയും അജയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു
അവരുടെ രാവുകള്‍ എന്ന സിനിമയുടെ നിര്‍മാതാവ് അജയ് കൃഷ്‌ണയുടെ കാമുകിയും ആത്മഹത്യ ചെയ്‌തുവെന്ന് റിപ്പോര്‍ട്ട്. വിനീത നായര്‍ എന്ന ഇരുപത്തിയെട്ടുകാരിയാണ് കഴിഞ്ഞ വ്യാഴാഴ്‌ച വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ആഞ്ചല്‍ എസ് ഐ എസ് സതീഷ്‌കുമാര്‍ പറഞ്ഞു.
അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തിയേറ്ററിന് സമീപം ലക്ഷമി സദനത്തിലെ വിനീതയും അജയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. ‘ അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കില്ല ’ എന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിനാലിനാണ് അജയ് ആത്മഹത്യ ചെയ്‌തത്. ഇതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു വിനീത എന്നുമാണ് പൊലീസ് പറയുന്നത്. വിനീതയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ബാംഗ്ലൂരില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് അജയ് വിനീതയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് അജയ് ആത്മഹത്യ ചെയ്യുന്നത്. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ വിനീത അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരി കുടുംബത്തോടൊപ്പം വിദേശത്താണ്.