ശശീന്ദ്രനെ ട്രാപ്പിലാക്കിയ മംഗളം നിലയില്ലാക്കയത്തില്‍; ഗൂഢാലോചന തെളിഞ്ഞാല്‍ ചാനലിന്റെ കാര്യം ‘സ്വാഹ’ - ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു
എട്ടിന്റെ പണി വാങ്ങി മംഗളം; ഗൂഢാലോചന തെളിഞ്ഞാല്‍ ചാനലിന്റെ കാര്യം ‘സ്വാഹ’
മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ കൂടുതല്‍ കുരുക്കിലേക്ക്. ജുഡീഷൽ അന്വേഷണത്തിൽ ടേംസ് ഓഫ് റഫറൻസായി. അഞ്ചു കാര്യങ്ങളാണ് ജസ്റ്റീസ് പിഎ ആന്‍റണി കമ്മിഷൻ അന്വേഷണ വിധേയമാക്കുന്നത്.
ഫോണ്‍വിളി റെക്കോര്‍ഡ് ചെയ്ത ഉപകരണങ്ങളെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ട്രാപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കേണ്ടി വരും. ഇതിനായി ചാനലിനു നോട്ടീസ് നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ശശീന്ദ്രനെ പെണ്‍കെണിയിൽ പെടുത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ അന്വേഷിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും.
ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നത്
> സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക.
> ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്.
> ദുരുദ്ദേശപരമായി ആരെല്ലാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ഫോണ്‍സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു.
> സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ ശുപാര്‍ശ ചെയ്യുക.
> സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങളും അന്വേഷിക്കുക.
ഫോണ്‍ സംഭാഷണം പുറത്തുവിട്ട സ്വകാര്യ ചാനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. അജിത് കുമാർ അടക്കം ഒൻപതു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.