ശശീന്ദ്രനെ കുടുക്കിയ മംഗളം മറ്റൊരു വമ്പന്‍ ഊരാക്കുടുക്കില്‍; സൈബര്‍ സെല്ലിന് പരാതി
ശശീന്ദ്രനെ കുടുക്കിയ മംഗളം മറ്റൊരു വമ്പന്‍ ഊരാക്കുടുക്കില്‍
എകെ ശശീന്ദ്രനെ കുടുക്കിയ ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നിലെ ഗൂഢാലോചനക്കെതിരെ എന്‍സിപി യുവജന വിഭാഗം സൈബര്‍ സെല്ലിന് പരാതി നല്കി.
നടന്നത് അശ്ലീല സംപ്രേക്ഷണമാണെന്നും ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗമാണിതെന്നും വ്യക്തമാക്കി എന്‍സിപി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്.
മംഗളം ടെലിവിഷന്‍ ചെയര്മാന് സാജന് വര്‍ഗീസ്, സിഇഓയും എംഡിയുമായ ആര് അജിത് കുമാര്‍, എംപി സന്തോഷ്, ഋഷി കെ മനോജ്, കെ ജയചന്ദ്രന്, ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്വി പ്രദീപ്, ഗൂഢാലോചനയില്‍ പങ്കെടുത്ത സ്ത്രീ എന്നിവരുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
അതേസമയം, ശശീന്ദ്രനെ കുടുക്കിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി.
ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന നിഗമനത്തിലാണ് രഹസ്യന്വേഷണ വിഭാഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ശശീന്ദ്രനെ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നമ്പർ അടുത്ത ദിവസംവരെ ഓണായിരുന്നു. തിരുവനന്തപുരത്തുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്ബുക്ക് അക്കൌണ്ടും ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.