ഡിവൈഎഫ്ഐ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസിലെ പ്രതിയും സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി തനിക്കെതിരെ നുണപ്രചരണങ്ങൾ നടത്തുകയാണെന്നും രക്തസാക്ഷികളെ ഒറ്റുകൊടുത്തവരെ തുറന്നു കാണിക്കേണ്ടതുണ്ടെന്നും ആകാശ് തില്ലേങ്കേരി പറയുന്നു. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്നനിലയിൽ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലുള്ള കമന്റിൽ ആകാശ് പറയുന്നു.
നേരത്തെ 'തോറ്റു പോകും ഒറ്റപ്പെടും എങ്കിലും ആരുടെ കാലും പിടിക്കരുത്, ആരുടെ മുമ്പിലും തലകുനിക്കരുത്. എന്ന വാക്കുകളുള്ള ചിത്രം കവർചിത്രമായി ആകാശ് പങ്കുവെച്ചിരുന്നു. ഇതിന് കീഴിലെ ഒരു കമന്റിലാണ് ആകാശിന്റെ നീളൻ മറുപടി.
ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലെ ആകാശ് തില്ലങ്കേരിയുറ്റെ മറുപടി ഇങ്ങനെ
അവരെ തെറ്റുപറഞ്ഞിട്ട് കാര്യമില്ല. യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്. ബോധപൂർവ്വം അത് നിർമ്മിച്ചെടുത്തത് ആണ്. എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് DYFI ജില്ലാ സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും.അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം.
ഞാൻ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരിൽ അഴിച്ചുവിടുന്നവരെ. ഞാനത് ചെയ്‌തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം,നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല. ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയ്യാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും.
പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്. അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല. അതൊരു വസ്തുതയാണ്. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല