ഹൈക്കോടതിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് ആലഞ്ചേരി; രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തില്‍ ഇടപെടരുത്
രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണെന്ന് ആലഞ്ചേരി
രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തെ ചോദ്യം ചെയ്യരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യാമെന്നും സഭയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനങ്ങള്‍ അവഗണിക്കുമെന്നും ആലഞ്ചേരി പറഞ്ഞു.
ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി സന്ദേശത്തിനിടെയാണ് സീറോ മലബാര്‍ സഭാ ഭൂമിയിടപാട് പരാമര്‍ശവുമായി ആലഞ്ചേരി രംഗത്തെത്തിയത്. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. പക്ഷേ, അതിനേക്കാള്‍ മുഖ്യമാണ് ദൈവത്തിന്റെ നിയമമെന്നും ആലഞ്ചേരി പറഞ്ഞു.
രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത പലര്‍ക്കുമുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു.
സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായ നിലപാടാണ് അദ്ദഹം ഇന്ന് സ്വീകരിച്ചിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയത്. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.