കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ കൃഷ്ണപ്രസാദിന്റെ വസതിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. കൊവിഡ് കാരണം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നത് ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ നടപ്പാക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് നാട്ടാനകളുടെ പരിപാലനത്തിനായി ഖരാഹാരം വിതരണം ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മൃഗ സംരക്ഷണ മേഖലയ്ക്ക് അഞ്ചു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഉത്സവ സീസണ്‍ നഷ്ടപ്പെട്ടു ദുരിതത്തില്‍ ആയതിനാല്‍ നാട്ടാനകളുടെ പരിപാലനത്തിനായി സഹായം ആവശ്യപ്പെട്ടു ആനയുടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 40 ദിവസത്തേക്കുള്ള സൗജന്യ ഭക്ഷണം സംസ്ഥാനത്തെ എല്ലാ നാട്ടാനകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.