ആലപ്പുഴ: ക്ഷേത്രത്തിൽ ബഹളം ഉണ്ടാക്കിയ വൃദ്ധയായ മാതാവിനെ മകൻ മർദ്ദിച്ചു കൊന്നു. കായംകുളം പുതുപ്പള്ളി മഹിളമുക്ക് പണിക്കശേരിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ എന്ന 71 കാരിയാണ് ഇളയ മകൻ ബ്രഹ്മദേവൻ എന്ന 43 കാരന്റെ മർദ്ദനമേറ്റു മരിച്ചത്.
									
			
			 
 			
 
 			
					
			        							
								
																	ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ശാന്തമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ തന്നെയാണ് ഇവർ വീട്ടിൽ മരിച്ചു കിടക്കുന്നതായി പോലീസിനെ അറിയിച്ചത്. പോലീസ് എത്തി അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്ന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് മരണ കാരണം മർദ്ദനമേറ്റതാണെന്ന് കണ്ടെത്തിയത്.
									
										
								
																	വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായാണ് ശാന്തമ്മ മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ബ്രഹ്മദേവൻ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മദ്യപിക്കുന്ന ശീലമുള്ള ശാന്തമ്മ മദ്യപാനം നിർത്താനുള്ള ചികിത്സയിലായിരുന്നു. എങ്കിലും ഇവർ കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രത്തിലെത്തി ബഹളം വച്ചിരുന്നു. തുടർന്ന് ബ്രഹ്മദേവൻ എത്തിയാണ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.  
									
											
							                     
							
							
			        							
								
																	എന്നാൽ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മകൻ അമ്മയെ മർദ്ദിക്കുകയുമായിരുന്നു. ഭർത്താവിന്റെ മരണ ശേഷം ശാന്തമ്മ ഇളയമകനായ ബ്രഹ്മദേവനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മറ്റുമക്കൾ : ഹരി, മായ, ജ്യോതി.