ആലപ്പുഴ: ഉന്നത നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്തു കോടികൾ നിക്ഷേപമായി സ്വീകരിച്ചു തട്ടിപ്പ് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്മെന്റ് ആൻഡ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നാല് ഡയറക്ടർ ബോർഡ് അംഗങ്ങളാണ് അറസ്റ്റിലായത്.
കണ്ടലിൽ വീട്ടിൽ രാജപ്പൻ, ഇരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ, ഊടത്തിൽ കിഴക്കേതിൽ സുകുമാരൻ, സ്ഥാപനത്തിന്റെ ട്രഷറർ മണിലാലിന്റെ ഭാര്യ ദീപ്തി മണിലാൽ എന്നിവരാണ് പോലീസ് വലയിലായത്. തൃക്കുന്നപ്പുഴ പൊലീസാണ് ഇതിൽ ആദ്യത്തെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ദീപ്തിയെ വീയപുരം പൊലീസിന് കൈമാറി അവിടെ അറസ്റ്റ് രേഖപ്പെടുത്തി.
ധനകാര്യ സ്ഥാപനത്തിന്റെ പ്രസിഡന്റ് എം.ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് സതീശൻ, സെക്രട്ടറി ടി.പി.പ്രസാദ്, ട്രഷറർ മണിലാൽ എന്നിവർ ഒളിവിലാണ്. ഇവർക്കെതിരെ ആകെ 47 പരാതികളാണ് തൃക്കുന്നപ്പുഴ പൊലീസിന് ലഭിച്ചത്. കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്ക് ഇതുമായി ബന്ധപ്പെട്ടു എണ്ണൂറിലേറെ പരാതികൾ ലഭിച്ചു എന്നാണറിയുന്നത്. ഇതിൽ ആദ്യത്തെ മുന്നൂറു പരാതികളിൽ ഹരിപ്പാട് കോടതിയിൽ അദാലത്ത് നടന്നു.
ആറ് മാസത്തിനുള്ളിൽ പരാതികളിൽ പരിഹാരം കാണാം എന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞത്. ഒളിവിലുള്ള മറ്റു പ്രതികൾ ഉടൻ പിടിയിലാകും എന്നാണു സൂചന.