Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്ഫാക്ക് ആലുവയില്‍ എത്തിയിട്ട് ഒരാഴ്ച, കൊടും കുറ്റവാളിയെന്ന് സംശയം; കേരള പൊലീസ് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടു

അസ്ഫാക്ക് ആലുവയില്‍ എത്തിയിട്ട് ഒരാഴ്ച, കൊടും കുറ്റവാളിയെന്ന് സംശയം; കേരള പൊലീസ് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടു
, ശനി, 29 ജൂലൈ 2023 (16:28 IST)
ആലുവയില്‍ അഞ്ച് വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വ്യക്തത തേടി പൊലീസ്. ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലത്താണ് കൊല നടത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അസ്ഫാക്കിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ.ശ്രീനിവാസ് പറഞ്ഞു. 
 
അസ്ഫാക്ക് ആലുവയില്‍ എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ മാസം 22 നാണ് ഇയാള്‍ ആലുവയില്‍ എത്തുന്നത്. അന്വേഷണത്തെ വഴിത്തെറ്റിക്കാന്‍ ശ്രമിച്ചതിലൂടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കേരള പൊലീസ് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 
 
കുട്ടിയുടെ ശരീരത്തില്‍ പരുക്കുകളുണ്ട്. പരിശോധനകള്‍ നടക്കേണ്ടതുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. ഇന്നലെ രാത്രി പത്തോടെയാണ് അസ്ഫാക്ക് പിടിയിലായത്. 
 
ചാന്ദ്‌നിയെ കൊലപ്പെടുത്തിയ കാര്യം രാവിലെ നടന്ന ചോദ്യം ചെയ്യലില്‍ അസ്ഫാക്ക് സമ്മതിച്ചതായി പൊലീസ് പറയുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് നേരത്തെ പറഞ്ഞത് അന്വേഷണത്തെ വഴിത്തെറ്റിക്കാനായിരുന്നു. രാവിലെ ചോദ്യം ചെയ്തപ്പോള്‍ അസ്ഫാക്ക് കുറ്റസമ്മതം നടത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് അന്വേഷണം നടത്തിയതും മൃതദേഹം കണ്ടെത്തിയതും. 
 
ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഇന്ന് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ച് വയസുകാരിയായ മകള്‍ ചാന്ദ്‌നിയെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പ് താമസിക്കാനെത്തിയ ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. 
 
രാംധറിനും ഭാര്യ നീതു കുമാരിക്കും നാല് മക്കളാണ് ഉള്ളത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി. രാംധറും ഭാര്യയും വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന കാര്യം അറിയുന്നത്. പലയിടത്തും അന്വേഷിച്ചിട്ട് ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡിക്കല്‍ പിജി: പ്രൊഫൈല്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്താന്‍ അവസരം