Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

Amoebic Meningoencephalitis

അഭിറാം മനോഹർ

, ബുധന്‍, 20 ഓഗസ്റ്റ് 2025 (19:38 IST)
അമീബിക്ക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) പരിശോധനയെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് വ്യക്തമാക്കി. രാജ്യത്ത് വെറും അഞ്ചോളം ലാബുകളിലാണ് അമീബ കണ്ടെത്താനുള്ള പി.സി.ആര്‍. പരിശോധന സജ്ജമായിരിക്കുന്നത്.
 
കേരളത്തില്‍, കഴിഞ്ഞ ജൂണ്‍ മാസം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആദ്യമായി അമീബ രോഗസ്ഥിരീകരണത്തിനും സ്പീഷീസ് തിരിച്ചറിയലിനുമുള്ള മോളിക്യുലാര്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതുവരെ അമീബ രോഗം സ്ഥിരീകരിച്ചത് ചണ്ഡിഗഢിലെ പി.ജി.ഐ. ആയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് തന്നെ പരിശോധന സാധ്യമാക്കിയതോടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഗവേഷണത്തിനും വലിയ സഹായമായി.
 
ഈ സംവിധാനത്തിലൂടെ അഞ്ചു തരത്തിലുള്ള അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താന്‍ കഴിയും. എന്നാല്‍, രാജ്യത്തെ ഭൂരിഭാഗം ലാബുകളിലെ സൗകര്യം മൂന്നു തരത്തിലേക്ക് മാത്രമാണ് പരിമിതമായിട്ടുള്ളത്.
 
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ അമീബാ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധന നടക്കുന്നു. രോഗിയുടെ സി.എസ്.എഫ്. (Cerebrospinal Fluid) സാമ്പിള്‍ ഇവിടെ എത്തിച്ചാല്‍ ഉടന്‍ പരിശോധന നടത്തുകയും, അമീബ കണ്ടെത്തിയാല്‍ ചികിത്സ ആരംഭിക്കുകയും ചെയ്യും. സ്പീഷീസ് തിരിച്ചറിയലിനായി മാത്രമാണ് സാമ്പിളുകള്‍ തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നത്, അവിടെ നിന്നുള്ള ഫലങ്ങള്‍ വളരെ വേഗത്തില്‍ ഓണ്‍ലൈനായി ലഭിക്കും. വെള്ളത്തില്‍ സംശയം ഉണ്ടാകുന്ന പരിശോധനകള്‍ ആവര്‍ത്തിച്ച് ടെസ്റ്റും കള്‍ച്ചറും നടത്തേണ്ടത് പതിവായ പ്രക്രിയ മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
 
ഇതിന് പുറമേ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തെയും അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധനാ കേന്ദ്രമായി വികസിപ്പിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.
 
ആഗോള തലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗമാണിത്. എന്നാല്‍, കേരളത്തിന്റെ ഇടപെടലുകള്‍ വഴി സംസ്ഥാനത്തെ മരണനിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ